നമ്പ്യാര്‍ ശരിക്കും ഒരു നിഷ്കളങ്കനാണ്, കടിക്കാന്‍ വരുന്ന ഉറുമ്പിനെപ്പോലും മടിയില്‍പ്പിടിച്ചിരുത്തി ഹോര്‍ലിക്സും ബ്രിട്ടാനിയ ബിസ്ക്കറ്റും ഊട്ടുന്നവന്‍, അട്ടയെപ്പിടിച്ച് മെത്തയില്‍ക്കിടത്തി കൊതുകുതിരി കത്തിച്ചുവച്ച് ഉറക്കുന്നവന്‍, ഒരു ചെകിട്ടത്തടിക്കുന്നവന് മറുചെകിട് കാണിച്ചുകൊടുത്തിട്ട് ഇനിയും കാണിക്കാന്‍ അഡീഷണലായി ഒരു ചെകിടില്ലല്ലോയെന്നോര്‍ത്ത് പൊട്ടിക്കരയുന്നവന്‍, എന്തിന് സ്വര്‍ഗത്തിലെ കട്ടുറുമ്പാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കട്ടുറുമ്പിനും വണ്ടിക്കൂലിയായി 10 രൂപ കൊടുത്തുവിടുന്നവന്‍... ശരിക്കും പറഞ്ഞാല്‍ നമ്പ്യാര്‍ മില്‍മാപ്പാല്‍ പോലെ വെളുവെളാ വെളുത്തിരിക്കും. ആ നന്‍മ കണി കണ്ടാണ് ഭാര്യ ഉല്‍പ്പലാക്ഷി ഉറക്കം ഉണരുന്നത്. നമ്പ്യാരുടെ ജീവിതത്തില്‍ കളങ്കത്തിന്റെ ഒരു പൊടി പോലുമില്ല കണ്ടുപിടിക്കാനെന്ന് ഭാര്യ പലവട്ടം സാഷ്യപ്പെടുത്തി പുറത്ത് ഐഎസ്‌ഒ മാര്‍ക്ക് അടിച്ചതാണ്. ഇനിയും അവള്‍ക്ക് ഐഎസ്‌ഒ മാര്‍ക്ക് അടിച്ചുകളിക്കാന്‍ പുറത്ത് 25 സ്ക്വയര്‍ഫീറ്റോളം നമ്പ്യാര്‍ തരിശായി ഇട്ടിരിക്കുകയാണ്.
പക്ഷേ പറഞ്ഞിട്ടെന്തുകാര്യം ഒരു ദിവസം വെറുതെ മാനത്തേക്ക് നോക്കിനിന്നതാണ്, മാനം ചാഞ്ഞുചാഞ്ഞിറങ്ങി നമ്പ്യാരുടെ മുഖത്ത് ഒരു ഹെവിവെയിറ്റ് ഉമ്മ. ആ ഉമ്മയാണ് നമ്പ്യാരുടെ ജീവിതം മാറ്റിമറിച്ചത്, ആ ഉമ്മ ലൈവായി കണ്ടത് അയലത്തെ നാലുവയസുകാരി മാത്രം. പക്ഷേ സംഭവം ഭാര്യ ഉല്‍പ്പലാക്ഷിയുടെ കാതില്‍ എത്തിയതോടെ നമ്പ്യാരെ പിടിച്ചപിടിയാലെ കന്യാത്വപരിശോധനയക്ക് വിധേയമാക്കണമെന്നായി അവള്‍. നമ്പ്യാര്‍ കന്യകനാണെന്ന് കാലുപിടിച്ച് ആണയിട്ടിട്ടും ഉല്‍പ്പലാക്ഷി വാഴത്തടപോലെ നില്‍ക്കുകയാണ്...ഇങ്ങനെ കന്യാത്വം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ ആടിക്കളിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരും നമ്പ്യാരെ ആക്കി നോക്കാന്‍ തുടങ്ങി... ഇനിയും പിടിച്ചുനിന്നാല്‍ നമ്പ്യാരുടെ മാനത്ത് വിള്ളല്‍ വീഴുമെന്ന് ഉറപ്പായതോടെ കന്യാത്വപരിശോധനയ്ക്ക് ഒരു യെസ് അങ്ങ് മൂളി.
നമ്പ്യാര്‍ക്കും കന്യാത്വപരിശോധനയെന്ന് ഉച്ചപ്പത്രങ്ങള്‍ വെണ്ടക്കയും മത്തങ്ങയും നിരത്തി. ചാനലായ ചാനലുകളെല്ലാം നമ്പ്യാരുടെ കന്യാത്വത്തെ ചോദ്യചിഹ്നത്തിലാക്കി കാഴ്ച്ചക്കാരുടെ മുന്നിലേക്കിട്ടുകൊടുത്തു. കന്യാത്വം നഷ്ടപ്പെടുന്നതിനും അതിനും ശേഷവുമുള്ള നമ്പ്യാരുടെ ഫോട്ടോകള്‍ ഇമെയിലുകളിലൂടെ ശുര്‍ര്‍ര്‍ര്‍ എന്ന് ചീറിപ്പായാന്‍ തുടങ്ങി. ചാനലിലെ റിപ്പോര്‍ട്ടര്‍ പെങ്കിടാങ്ങളുടെ ആപ്പുവച്ച ചോദ്യങ്ങള്‍ ശരിക്കും പറഞ്ഞാല്‍ രണ്ടുപ്രാവശ്യം അറ്റാക്ക് വന്ന് ആടി നില്‍ക്കുന്ന നമ്പ്യാരുടെ ഹാര്‍ട്ടിലാണ് കുത്തിക്കയറിയത്. ഭൂമി പിളര്‍ന്ന് സീതാദേവിയേപ്പോലെ മറയണമേയെന്ന് മനസില്‍ പ്രാര്‍ത്ഥിച്ചെങ്കിലും ഭൂമി മസിലുപിടിച്ചുനിന്നതിനാല്‍ അതും ചീറ്റി.
ഒടുവില്‍ നമ്പ്യാരെ കന്യാത്വപരിശോധനയ്ക്ക് മെഡിക്കല്‍ കോളേജിലാക്കി. പത്രക്കാരായ പത്രക്കാരെല്ലാം റിസള്‍ട്ട് വരുന്നതുവരെ ആശുപത്രിക്ക് മുന്നില്‍ കുടിലുകെട്ടി കഞ്ഞിവച്ച് തമ്പടിക്കാനുള്ള കിടിലന്‍ തീരുമാനത്തിലാണ്. പരിശോധന ഒരുമാസം വരെ നീളാമെന്ന് ഏതോ വിദഗ്ദന്‍ പറഞ്ഞതിനാല്‍ 30 ജോഡി ഡ്രസും അതിനുപാകത്തിലുള്ള ലിസ്പ്സ്റ്റിക്കും കുണ്ടാമാണ്ടികളുമായിട്ടാണ് ഭാര്യ ഉല്‍പ്പലാക്ഷി വന്നിരിക്കുന്നത്. കന്യാത്വ പരിശോധനയില്‍ നമ്പ്യാര്‍ പരാജയപ്പെട്ടാല്‍ കെട്ടും കിടക്കയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോകുമെന്നാണ് ഉല്‍പ്പലാഷി വക ഭീഷണി. ഒടുവില്‍ കന്യാത്വം പരിശോധിക്കുന്ന അമേരിക്കന്‍ യന്ത്രവുമായി ഡോക്ടറും നഴ്സുമാരും കയറിവന്നു. യന്ത്രം നമ്പ്യാരുടെ ശാരീരത്തിലേക്ക് കണക്ടുചെയ്ത് ഡോക്ടറും നഴ്സുമാരും മാറിനിന്നു. അഞ്ചുമിനിട്ടിനുള്ളില്‍ ലോകത്തെ ഞെട്ടിക്കുന്ന റിസള്‍ട്ട് വരാന്‍ പോകുകയാണ്...നാടായ നാടെല്ലാം നമ്പ്യാരെ ഒളികണ്ണിട്ട് നോക്കുകയാണ്. അതാ റിസള്‍ട്ട് വന്നുകഴിഞ്ഞു... നമ്പ്യാര്‍ കന്യകനാണ്, നല്ല നെല്ലുകുത്തരി പോലെ പരിശുദ്ധന്‍, മാനത്തെ വെള്ള മേഘം പോലെ തൂവെള്ളന്‍... ഭാര്യ ഉല്‍പ്പലാഷി ലോകത്തെ സാഷിനിര്‍ത്തി അവളുടെ സകല കന്യാത്വവും പോകുന്ന രീതിയില്‍ കെട്ടിപ്പിടിച്ച് നമ്പ്യാരെ ഉമ്മവച്ചതോടെ കന്യാത്വപരിശോധനയുടെ കൊടിയിറങ്ങി.
Friday, 1 May 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment