Monday 17 December, 2007

മലയാളിക്കഴുതയും റിയാലിറ്റിഷോയും

പാഠം ഒന്ന്: ചാനലിലെ റിയാലിലിറ്റി ഷോയില്‍ കരയുന്ന പാട്ടുകാരന്‍ കുട്ടിയ്ക്ക് വേണ്ടതെന്ത്?ഉത്തരം: എസ്‌എം‌എസ്പാഠം രണ്ട്: റിയാലിറ്റി ഷോകളില്‍ ഒരു ശതമാനം പോലും ഇല്ലാത്ത സാധനത്തിന്‍റെ പേരെന്ത്?ഉത്തരം: റിയാലിറ്റിപാഠം മൂന്ന്: എന്ത് കേട്ടാലും വാതുറക്കാതെ എസ്എം‌എസിലൂടെ ശരം വിടുന്ന ജീവിയുടെ പേരെന്ത്?ഉത്തരം: മലയാളിപാഠം നാല്‍: കഴുതയ്ക്ക് പകരം കയറി ഇരുന്ന് സഞ്ചരിക്കാന്‍ കഴിയുമെന്ന് ചാനലുകാര്‍ കണ്ടുപിടിച്ച അപൂര്‍വജീവിയുടെ പേരെന്ത്?ഉത്തരം: ക്ഷമിക്കണം ഇതിന്‍റേയും ഉത്തരം മലയാളി തന്നെ.
മലയാളികള്‍ കഴുതകളാണെന്നും ആ കഴുതപ്പുറത്ത് കയറിയിരുന്ന് കോടികള്‍ സമ്പാദിക്കാമെന്നും കേരളത്തിലെ ചാനലുകള്‍ ഇതാ തെളിയിച്ചുകഴിഞ്ഞു. സീരിയലുകള്‍ തുടങ്ങിയാല്‍ വായു പോലും വേണ്ടാതെ ചാനലുകള്‍ക്ക് മുന്നില്‍ അന്തംവിട്ടിരിക്കുന്ന വീട്ടമ്മമാര്‍ ഇന്ന് കൈയ്യില്‍ മൊബൈലും ഏന്തിയാണ് റിയാലിറ്റിഷോ കാണാനിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യൂവെന്ന് കരഞ്ഞുപറയുന്ന ഒരോ കുട്ടിയ്ക്കും വിടുന്ന ഒരോ എസ്‌എം‌എസും ആറും എട്ടും രൂപ കുടുംബബജറ്റില്‍ നിന്നും അപഹരിച്ചുകൊണ്ടാണ് ചാനലുകാരന്റെ നമ്പറിലേയ്ക്ക് പറന്നെത്തുന്നത്.
പക്ഷേ ഇഷ്ടപ്പെട്ട പാട്ടുകാരന്‍ കുട്ടിയുടെ വിജയത്തിനായി പാവം പ്രേഷകന്‍ പടച്ചുവിടുന്ന എസ്‌എം‌എസുകളെല്ലാം ചാനലുകാരനും ഭാര്യയ്ക്കും മക്കള്‍ക്കും സുഖിക്കാനുള്ള നാണയത്തുട്ടുകളായി മാറുകയും അമ്പട മരമണ്ടാ എന്ന് ചാനല്‍‌മേധാവിയും ശിങ്കിടികളും പ്രേക്ഷകനെ പരിഹസിക്കുകയും ചെയ്യുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ എത്തി എന്നതാണ് റിയാലിറ്റി. പണം വാരാന്‍ ഏത് നെറികെട്ടവഴിയുമാകാമെന്നും അതിനായി പാവം പ്രേക്ഷകനെ കഴുതവേഷം കെട്ടിച്ച് എഴുന്നെള്ളിക്കാമെന്നുമുള്ള നിര്‍ണ്ണായക കണ്ടുപിടുത്തത്തിലൂടെ ഒന്നുരണ്ട് ചാനല്‍മേധാവികളെങ്കിലും അടുത്ത വര്‍ഷം നോബല്‍‌ ജേതാവാ‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രേ‌ഷകരില്‍ ഭൂരിഭാഗവും റിയാലിറ്റിഷോകളെല്ലാം തത്സമയം സം‌പ്രേഷണം ചെയ്യുന്നതാണെന്ന മൂഢസ്വര്‍ഗത്തിലിരുന്നാണ് എസ്‌എം‌എസുകള്‍ തൊടുത്തുവിടുന്നത്. തന്‍റെ എസ്‌‌എം‌എസിന്‍റെ ബലത്തില്‍ വിജയശ്രീലളിതനോ ലാളിതയോ ആയി ശോഭിക്കുന്ന കുട്ടിയുടെ മുഖം മനസില്‍ കണ്ട് വീട്ടിലെ ടിവിയുടെ മുന്നിലിരുന്ന് പറത്തുന്ന പാവം പ്രേഷകന്‍ അറിയുന്നുണ്ടോ കുട്ടിയുടെ വിധി പണ്ടേ നിശ്ചയിച്ചുകഴിഞ്ഞുവെന്ന്! റിയാലിറ്റി ഷോകളില്‍ ഒരു ശതമാനം പോലും ഇല്ലാത്ത സാധനം ആകുന്നു റിയാലിറ്റി. ഒരുമാസത്തേയ്ക്കോ ഒന്നര മാസത്തേയ്ക്കോ ഉള്ള എപ്പിസോഡുകള്‍ ഒറ്റയടിക്ക് ഷൂട്ട് ചെയ്ത് കുപ്പിയിലാക്കി ഒരോ ഔണ്‍സ് വീതം ഒരോ ദിവസവും ടിവിയിലൂടെ ഊറ്റികൊടുക്കുന്ന ഒരു പരിപാടിയാകുന്നു റിയാലിറ്റി ഷോ. മൊബൈല്‍ ഫോണ്‍ കമ്പനിക്കാരും ചാനലുകാരും ചേര്‍ന്ന് നടത്തുന്ന ഈ കൂട്ടുകൃഷിയുടെ വരുമാനം കോടികളാണ്. മുതല്‍ മുടക്കോ വെറും കണ്ണീരും!!! അതെ എസ്‌എം‌എസ് അയയ്ക്കൂ, എസ്‌എം‌എസ് അയയ്ക്കൂ, എന്നെ വിജയിപ്പിക്കൂ എന്ന് നെഞ്ചത്തടിച്ച് കണ്ണീരോടെ പ്രേഷകരോട് തെണ്ടാന്‍ ചാനലുകാര്‍ മത്സരാര്‍ഥിയോട് നിര്‍ദേശിക്കും. കരയാന്‍ കഴിയാത്തവര്‍ക്കായി ഗ്ലിസറിനും കണ്ണീരില്‍ തെന്നിയടിച്ച് ഹൈഹീല്‍ഡ് ചെരുപ്പിട്ട അവതാരം അല്ലെങ്കില്‍ അവതാരക തെന്നിവീഴാതിരിക്കാ‍നായി കണ്ണീര്‍ തുടച്ചുമാറ്റാനായി പ്രത്യേകയന്ത്രവും സ്റ്റുഡിയോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പിന്നെ വേണ്ടത് സംഗതി നന്നായി, സംഗതി ഇല്ലായിരുന്നു അലെങ്കില്‍ സംഗതി ഇനിയും വേണ്ടിവരും എന്ന് പറയാനറിയാവുന്ന ഒന്നോ രണ്ടോ സംഗീതവിദ്വാന്മാരും.
ബാക്കിയുള്ളതെല്ലാം മൊബൈലുമേന്തി വിഡ്ഢിപ്പെട്ടിക്കുമുന്നില്‍ തപസിരിക്കുന്നവര്‍ക്ക് വിട്ടുകൊടുക്കുക. ദിവസം അഞ്ച് എസ്‌എം‌എസ് ഒരു മൊബൈലില്‍ നിന്ന് പോയാല്‍ കീശയില്‍ നിന്ന് ചോരുന്നത് മിനിമം 30 രൂപയായിരിക്കും. ഇത്തരത്തില്‍ ദിവസവും 25 എസ്‌എം‌എസ് വരെ അയച്ച് ചാനലുകാരെ കോടിപതികളാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ ധാരാളം. ഒരു കുട്ടിയ്ക്ക് വേണ്ടി പത്തോ നൂറോ എസ്‌എം‌എസ് അയയ്ക്കാം. അയയ്ക്കുംതോറും ചാനലുകാര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും, ഇനി ചാടാന്‍ കഴിയാത്ത കുടവയറന്മാരായ ചാനല്‍ മേധാവികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി അവതാരങ്ങള്‍ ഉത്തരവാദിത്തത്തോടെ തുള്ളിച്ചാടിക്കോളും! ഇത്തരത്തില്‍ ചാനലുകാര്‍ കുബേരന്മാരാകുന്നതോടെ പ്രേഷകര്‍ ദരിദ്രനാരായണന്മാരായിക്കൊണ്ടിരിക്കും. ചുരുക്കത്തില്‍ റിയാലിറ്റി ഷോകള്‍ ഒരു രണ്ട് വര്‍ഷത്തേയ്ക്ക് വിജയകരമായി ഓടിയാല്‍ കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്ക് കീഴെ കൂരകെട്ടി കഴിയുന്നവരുടെ എണ്ണം കൂടുമെന്നു സാരം. പക്ഷേ പേടിക്കേണ്ട മോഷണ മുതല്‍ പപ്പാതി പങ്കുവയ്ക്കുന്നതിലൂടെ ചാനലുകാരും മൊബൈല്‍ കമ്പനിക്കാരും മില്ല്യണര്‍മാരായി മലയാള നാടിന്‍റെ യശസ് വാനോളം ഉയര്‍ത്തിക്കൊളളും. അല്ലെങ്കിലും കേരളത്തില്‍ ഒരു ബില്‍‌ഗേറ്റ്സിന്‍റെ കുറവുണ്ട്!

No comments: