Tuesday 18 December, 2007

വായും നാക്കും വാടകയ്ക്ക്

കേരളം: ഉത്തരവാദിത്തത്തോടെ നാക്കും വായും വാടകയ്ക്ക് കൊടുക്കുന്ന ഏജന്‍സി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നാക്ക്, വായ എന്നിവയ്ക്ക് വേണ്ടത്ര എല്ലില്ലാത്തവര്‍ക്കും തെറിപറയാന്‍ പാകത്തില്‍ നാവ് വളയാത്തവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഇവയുടെ സേവനം ലഭ്യമാകുക. വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് നിഘണ്ടുവില്‍ ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ലാത്തതും എന്നാല്‍ മന്ത്രിമാര്‍ പോലും സാധാരണയായി ഉപയോഗിക്കുന്നതുമായ പദങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം സൌജന്യമായി ലഭിക്കും. വീട്ടില്‍ കൊച്ചുകുട്ടികള്‍ക്ക് കൈ എത്താത്തിടത്ത് ഈ പുസ്തകം സൂക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ കുട്ടികളും മന്ത്രിമാരെ പോലെ സംസാരിച്ച് മാതാപിതാക്കളുടെ മാനത്ത് വിളളല്‍ വീഴ്ത്താന്‍ ഇടയുണ്ട്.
മന്ത്രിയുടെ നാക്കാണ് വാടകയ്ക്ക് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതുനുമുമ്പായി നാവ് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പക്ഷിമൃഗാദികളെ മാറ്റിപ്പാര്‍പ്പിക്കണം. കാരണം പട്ടി, പോത്ത്, കരിങ്കുരങ്ങ് എന്നിവര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടാണ് സാധാരണയായി മന്ത്രിനാക്ക് പ്രസംഗം ആരംഭിക്കാറുള്ളത്. പ്രണാമവേളയില്‍ തങ്ങളുടെ നാമം ദുരുപയോഗിക്കുന്ന മന്ത്രിനാക്കിന് നേരെ മൃഗങ്ങള്‍ അക്രമം അഴിച്ചുവിടാതിരിക്കാനാണ് ഈ മുന്‍‌കരുതല്‍. ലോലഹൃദയര്‍, തരളമാനസര്‍, കാത് രോഗികള്‍‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ ഈ നാക്ക് പ്രവര്‍ത്തിക്കുന്നിടത്ത് പ്രവേശിക്കുന്നതിന് മുമ്പായി ചെവിയില്‍ പഞ്ഞി തിരുകി തലയില്‍ ഹെല്‍മെറ്റ് വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം മനസിനോ കാതിനോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ക്ക് നാക്ക് വാടകയ്ക്ക് നല്‍കുന്ന ഏജന്‍സി ഉത്തരവാദി ആയിരിക്കുന്നതല്ല. ഇതിന് പുറമെ നാക്ക് വാടകയ്ക്കെടുക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിക്കാനും കത്തിപ്പടരാനും സാധ്യതയുള്ള നാക്ക് ആയതിനാല്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതക സിലിണ്ടര്‍, തീപ്പെട്ടി എന്നിവ പ്രസംഗവേദിയില്‍ നിന്ന് 1000 മീറ്റര്‍ അകലെയായി സൂക്ഷിക്കുക. സില്‍ക്ക് സാരി ഉടുക്കുന്നവരും സില്‍ക്ക് പോലത്തെ ഹൃദയമുള്ളവരും നാവ് പ്രവര്‍ത്തികുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്ന് 5000 അടി മുകളില്‍ കയറിനിന്നാല്‍ അവര്‍ക്ക് അവരുടെ കുടുംബത്തിനും നല്ലത്!!!
നാക്ക് വായോടുകൂടിയോ വായില്ലാതെ ഒറ്റയ്ക്കോ വാടകയ്ക്ക് ലഭിക്കും. പക്ഷേ എപ്പോഴും വായോടുകൂടി നാവ്‌ എടുക്കുന്നതാണ് ഉചിതം, കാരണം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍, ഐ‌എ‌എസുകാര്‍, എതിര്‍ഗ്രൂപ്പുകാര്‍ എന്നിവരെ വഴിയില്‍ വച്ച് കണ്ടാല്‍ നാവ് ചാടിയിറങ്ങി അവരുടെ കഴുത്തിന് ചുറ്റാന്‍ ഇടയുണ്ട്. വായ, നാക്ക് എന്നിവ വാടകയ്ക്ക് എടുക്കുന്നവര്‍ തന്നെ ഇത് മൂലം ഒസോണ്‍ പാളിയ്ക്ക് ഉണ്ടാകുന്ന വിളളല്‍ അടച്ചുകൊടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാക്കോടുകൂടിയവായ@വരാനുളളത്‌വഴിയില്‍‌തങ്ങുമോ.കോം.

No comments: