Friday, 1 May, 2009

എം. മുകുന്ദന്‍ ലോകത്തോട് പറഞ്ഞ 3 സത്യങ്ങള്‍!

മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ മലയാളിമക്കളെ ഹോള്‍സെയിലായി നടത്തിച്ച എം.മുകുന്ദന്‍ അവറുകള്‍ കഴിഞ്ഞദിവസം ചെന്നൈയില്‍ ലാന്‍ഡുചെയ്തെന്നറിഞ്ഞപ്പോള്‍ നമ്പ്യാര്‍ക്ക് ഹൃദയാഘാതം പോലെ രോമാഘാതം ഉണ്ടായി. നമ്പ്യാരുടെ പ്രിയപത്നി അംബുജാക്ഷി കറക്ട് സമയത്ത് ഇടപെട്ട് രോമാഘാതത്തിനുമേല്‍ ചൂടുവെള്ളം തളിച്ചതിനാല്‍ രോമം കരിഞ്ഞെങ്കിലും ജീവന്‍ തിരിച്ചുകിട്ടി. എന്തിനേറെപ്പറയുന്നു, രോമാഞ്ചത്തിലെ ആ ആഞ്ചം ഇപ്പോഴും നമ്പ്യാരുടെ സ്കിന്നിനുമുകളിലൂടെ തത്തോ പൊത്തോയെന്നു പറഞ്ഞ് നമ്പ്യാരുടെ മക്കള്‍ക്കൊപ്പം തത്തിക്കളിക്കുന്നുണ്ട്.
ഛെ ഛെ ചപ്പാത്തി പരത്തുന്നപോലെ പരത്താതെ മുകുന്ദേട്ടനുമായി ആഗോള നമ്പ്യാന്‍‌മാരുടെ ഭൂലോഗ മധ്യസ്ഥനായ നമ്പ്യാര്‍ നടത്തിയ അഭിമുഖ സംഭാഷണം വിവരിക്കാം. മുകുന്ദേട്ടന്‍ ചെന്നൈയിലെ മലയാളിപ്പത്രത്തൊഴിലാളികള്‍ നടത്തിയ പരിപാടിക്കാണ് മുഖ്യാതിഥിയായി എത്തിയത്. ആ വരവ് കണ്ടതോടെ നമ്പ്യാരുടെ മനസില്‍ നിന്ന് ശൂ‍ന്ന് പറഞ്ഞ് നിശ്വാസം പുറത്തേക്കുപോയി (നിശ്വാസമേറ്റ് ആര്‍ക്കും പരിക്കേറ്റില്ലെന്ന കാര്യം ആശ്വാസകരം). ശൂന്ന് പറഞ്ഞ് നിശ്വാസന്‍ പുറത്തുപോകാനുള്ള കാര്യം തുലോം നിസാരമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എഴുതിയ മുകുന്ദന്‍ മയ്യഴിപ്പുഴപോലെ നീണ്ട മനുഷ്യനാണെന്നാണ് നമ്പ്യാര്‍ കരുതിയിരുന്നത്. പക്ഷേ സ്വതവെ പൊക്കം കുറഞ്ഞ നമ്പ്യാരേക്കാളും മുകുന്ദന് പൊക്കം കുറവാണെന്ന പൊക്കം കൂടിയ സത്യം നഗ്നനേത്രം കൊണ്ട് കണ്ടതോടെയാണ് ശൂ വന്നത്. ഇത്രയും പൊക്കം കുറഞ്ഞ മുകുന്ദന്‍ ഇത്രയും ഉയരത്തിലുള്ള സൃഷ്ടികള്‍ നടത്തിയെങ്കില്‍ അദ്ദേഹത്തിന് കുറേക്കൂടി പൊക്കമുണ്ടായിരുന്നെങ്കില്‍ എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ രചനകള്‍ പാറിപ്പറക്കുമായിരുന്നല്ലോ എന്നൊരു കിടിലന്‍ ചിന്തയും ശൂ വച്ച് പുറത്തേക്കുപോയി. പുറത്തേക്കുപോയ നിശ്വാസനുവേണ്ടി രണ്ടു മിനിട്ട് മൌനമാചരിച്ച് നമുക്ക് കാര്യക്രമത്തിലേക്ക് കടക്കാം. ആമേന്‍!
കേരളത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളെല്ലാം ജീര്‍ണ്ണിച്ചെന്ന വെടിയാണ് മുകുന്ദന്‍ ആദ്യം പൊട്ടിച്ചത്. അതുകേട്ടപ്പോള്‍ മിന്നല്‍‘പിണറായി’ ഒരുവെടിയുണ്ട തന്നെയാണ് നമ്പ്യാരുടെ ഹാര്‍ട്ടിനുമുകളിലൂടെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ട്ടപ്പേന്ന് പറഞ്ഞ് കടന്നുപോയത് (മനോരമയ്ക്കും മാത്യു അച്ചായനും ഒരു കിലോ വണക്കം). കേരളത്തില്‍ പിണറായിയുടേയും എം.എ ബേബിയുടേയും മുന്നില്‍ വച്ച് ആകാശത്തേക്ക് കണ്ണടച്ച് ഇത്തരമൊരു വെടി വിജയന്‍ അവറുകള്‍ വയ്ക്കുമായിരുന്നോ എന്ന് മില്‍മാപ്പാല്‍ പോലെ വെളുവെളുത്തൊരു ചോദ്യം അപ്പോഴേയ്ക്കും നമ്പ്യാരുടെ മനസിലെ നിക്കറിട്ട നിഷ്കളങ്കന്‍ പയ്യന്‍ വാണം പോലെ മുകളിലേക്ക് കത്തിച്ചുവിട്ടിരുന്നു. ആ വാണം ഇപ്പോള്‍ ആകാശത്തെത്തി പൊട്ടിത്തെറിച്ച് നാശാകോശമായിട്ടുണ്ടാവും. നമ്മുടെ ഐ‌എസ്‌ആര്‍‌ഒ ക്കാര്‍ വിട്ട ഉപഗ്രഹത്തിന് നമ്മുടെ വാണം പരിക്കൊന്നും ഏല്‍പ്പിക്കരുതേയെന്ന് അന്തോണീസ് പുണ്യാളച്ചനോടും അല്‍ഫോന്‍സാമ്മയോടും പ്രാര്‍ഥിച്ച് ഫലം ലഭിച്ചാല്‍ നസ്രാണി ദീപികയില്‍ ഉദ്ദിഷ്ടകാര്യത്തിന് 5.2 വലുപ്പത്തില്‍ ഒരു പരസ്യം കൊടുത്തേക്കാമേയെന്ന് ഒരു നേര്‍ച്ചയും നമ്പ്യാരങ്ങ് നേര്‍ന്നു. സ്വാമിയേ അയ്യപ്പാ... (ഓര്‍ക്കണം നമ്പ്യാര്‍ സര്‍വമത സഹോദര്യത്തിന്റെ ഒന്നാം പതിപ്പാണ്).
വിപ്ലവപ്രസ്ഥാനങ്ങളല്ല മാധ്യമങ്ങളാണ് ഇനി സമൂഹത്തില്‍ പ്രകാശം പരത്തേണ്ടതെന്ന പൊട്ടാസ് പൊട്ടിച്ചുകൊണ്ട് മുകുന്ദന്‍ അടുത്തതായി ആഗോളപ്പത്രക്കാരെ മുഴുവന്‍ ഹോള്‍സെയിലായി പഞ്ചാരയടിച്ചുകളഞ്ഞു. ഈ പഞ്ചാരകേട്ട് സ്ഥലത്തെ ഒരു പ്രധാന പത്രക്കാരന്‍ നാണിച്ച് തലതാഴ്ത്തി കാല്‍‌വിരല്‍ കൊണ്ട് നിലം കുഴിച്ച് ചിത്രം വരയ്ക്കുന്നത് നമ്പ്യാര്‍ അന്തം വിട്ടാണ് കണ്ടിരുന്നത്. ചിതം വരച്ച ആ കുഴിയില്‍ തട്ടി പിന്നീട് ഒരു ഹൈഹീല്‍ഡുകാരി പെണ്ണുമ്പിള്ള തെറ്റിയടിച്ചുവീഴുന്ന കാഴ്ച നയനാനന്ദകരം തന്നെയായിരുന്നു. ഹൈഹീല്‍ഡുകാരി ഇപ്പോള്‍ കോട്ടയ്ക്കലില്‍ നടുവിന് ഉഴിച്ചില്‍ പിഴിച്ചില്‍ നടത്തുന്നുവെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്.
മേല്‍പ്പറഞ്ഞ പൊട്ടാസിനും വെടിയ്ക്കും ശേഷമാണ് മുകുന്ദേട്ടന്‍ അസല്‍ ബോംബുപൊട്ടിച്ചത്. ഈ ബോംബ് കേരളത്തില്‍ ഇട്ടിരുന്നെങ്കില്‍ ഇപ്പോള്‍ കേരളനാട് കൂഴച്ചക്ക പോലെ ചളുക്കോ പ്ലിക്കോ എന്നായിരുന്നേനെ. കേരളത്തില്‍ ഇന്ന് എഴുത്തുകാരന്‍ ഒന്നിനോടും പ്രതികരിക്കാതെ അല്ലെങ്കില്‍ ഇടപെടാതെ നിശബ്ദനായി ഇരിക്കുന്നതിന്റെ പിന്നിലെ എക്സ്ക്ലൂസീവാണ് മുകുന്ദന്‍ പുറത്തുവിട്ടത്. തങ്ങളേപ്പോലുള്ള എഴുത്തുകാര്‍ക്ക് നാട്ടിലെ പ്രശ്നങ്ങളോട് പ്രതികരിക്കണമെന്നുണ്ടെങ്കിലും ഭയം മൂലം കഴിയുന്നില്ലത്രെ! പ്രതികരിച്ചാല്‍ ഒന്നുകില്‍ എഴുത്തുകാരന്റെ കോലം കത്തും അല്ലെങ്കില്‍ കല്ലേറുകിട്ടും! തദ്വാര ഈ പൊല്ലാപ്പിനൊന്നും പോകാതെ മിണ്ടാതെ വീട്ടിലിരുന്ന് എഴുതുക. വേണമെങ്കില്‍ പ്രച്ഛന്നമായി അല്ലെങ്കില്‍ നിഗൂഢമായി തന്റെ രചനയിലൂടെ എഴുത്തുകാരന് വിയോജിപ്പ് പ്രകടിപ്പിക്കാം. കോലം കത്തിക്കുന്നവന്മാര്‍ മണ്ടന്മാരായതിനാല്‍ അവര്‍ക്ക് രചനയിലൂടെയുള്ള ഈ പ്രതിഷേധം മനസിലാകില്ല. അതിനാല്‍ കോലവും കത്തില്ല കല്ലേറും കിട്ടില്ല (എഴുത്തുകൂലി ചെക്കായി കിട്ടുകയും ചെയ്യുമെന്ന് മുകുന്ദന്‍ മനസില്‍ കൂട്ടിച്ചേര്‍ത്തുകാണുമെന്ന് നമ്പ്യാര്‍ ഊഹിക്കുന്നു). അടുത്തതായി വികാരപരമായി മുകുന്ദന്‍ പറയുന്ന വാചകങ്ങളാണ് ഇവിടെ ഉദ്ധരിക്കാന്‍ പോകുന്നത്. “എഴുത്തുകാരന്റെ വായ അടച്ചുകഴിഞ്ഞു, (പത്രക്കാരെ നോക്കിക്കൊണ്ട്) ഇനി നിങ്ങള്‍ മാത്രമേ ഉള്ളൂ. നിങ്ങള്‍ കൂടി ജീര്‍ണിച്ചാല്‍ എല്ലാം തീര്‍ന്നു”. ഇത്രയും പറഞ്ഞിട്ട് മുകുന്ദേട്ടന്‍ പത്രക്കാരെ കെട്ടിപ്പിടിച്ച് കരയുമെന്നാണ് നമ്പ്യാര്‍ കരുതിയത്. പക്ഷേ ആ റിയാലിറ്റി ഷോ ഉണ്ടായില്ല. പത്രവും പത്രക്കാരുമൊക്കെ എന്നേ ജീര്‍ണ്ണിച്ചുകഴിഞ്ഞതാണെന്ന സത്യം മുകുന്ദേട്ടന്‍ ഒഴിച്ച് ബാക്കി എല്ലാവരും തിരിച്ചറിഞ്ഞിട്ട് വര്‍ഷം പത്തിരുപത് കഴിഞ്ഞല്ലോയെന്നോര്‍ത്തപ്പോള്‍ സാമാന്യം വല്യ ഒരു ശൂ കൂടി പോയി.
പ്രസംഗം കഴിഞ്ഞ് മുകുന്ദന്‍ വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ നമ്പ്യാര്‍ പതുങ്ങിപ്പതുങ്ങി അദ്ദേഹത്തിന്റെ അടുത്തുചെന്ന് ചോദിച്ചു. “ അല്ല മുകുന്ദേട്ടാ ഒരു കോലം കത്തുമെന്ന് പറഞ്ഞ് ഇത്രയധികം ഭയന്ന് മിണ്ടാതെ വീട്ടിലിരിക്കേണ്ട കാര്യം ഉണ്ടോ?” ഉടന്‍ വന്നു മറുപടി. “തികച്ചും നികൃഷ്ട കഥാപത്രങ്ങളുടെയാണ് കോലം കത്തിക്കുക, അങ്ങനെ ചെയ്താല്‍ എഴുത്തുകാരന്‍ അപമാനിതനാകും, അതുകൊണ്ടാണ് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്.” സമൂഹത്തിലെ കൊള്ളരുതായ്മയെ എതിര്‍ത്തതിന്റെ പേരില്‍ ഒരു കല്ലും എഴുത്തുകാരന് ഇതുവരേയും കൊള്ളേണ്ടിവന്നിട്ടില്ലല്ലോയെന്നും തിന്മയെ എതിര്‍ത്തതിന്റെ പേരില്‍ നിങ്ങളുടെ കോലം കത്തിയാലും അതു തിരിച്ചറിയാനുള്ള ശേഷി സമൂഹത്തിനുണ്ടല്ലോയെന്നും പറഞ്ഞപ്പോള്‍‍, നിങ്ങളെപ്പോലുള്ള കുറച്ചുപേരെ ഇന്ന് അങ്ങനെ ചിന്തിക്കുന്നുള്ളൂവെന്ന് മൊഴിഞ്ഞ് മുകുന്ദന്‍ രംഗം വിട്ടു.
ഒടുവില്‍ നമ്പ്യാര്‍ കണ്ടത്: അടിച്ചുപാമ്പായ ഒരു എക്സ് പത്രക്കാരന്‍ മുകുന്ദേട്ടനെ കെട്ടിപ്പിടിച്ച് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവെന്ന് പറഞ്ഞ് അലറുന്നു. സംഭവം പന്തിയല്ലെന്ന് കണ്ട ആ വലിയ എഴുത്തുകാരന്‍ അതോടെ വണ്ടിയില്‍ കയറി സ്ഥലം കാലിയാക്കുന്നു...

2 comments:

Anonymous said...

ലാവ്‌ലിന്‍ എന്നു വെറുതേ, അതിനെപ്പറ്റി അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറയണമെന്നില്ല, പറയാന്‍ മുകുന്ദര്‍ക്ക് സാധിക്കുമോ? പാര്‍ട്ടിയിലെ സഖാക്കളുടെ സ്നേഹം സഹിക്കവയ്യാതെ കഷ്ടപ്പെട്ട് ഒറ്റപ്പെട്ട വി. എസ്സിനെക്കുറിച്ചല്ലാതെ, രണ്ടാം ചാക്കീരി ബേബിയെപ്പറ്റി ഒരക്ഷരം പറയാമോ?

കോലമല്ല, ജീവനോടെ കത്തും.

santhoshhk said...

മുകുന്ദന്റേത് ആകാശവെടിമാത്രം. ഭരണകൂടത്തിന്റെ ശീതളഛായയില്‍ നിന്ന് മാറാന്‍ കഴിയാത്ത മുകുന്ദന്‍ താന്‍ ആദ്യം അന്ധമായി അനുകരിച്ചിരുന്ന സാര്‍ത്രിനെ ഇടക്കെങ്കിലും ഓര്ക്കുന്നതു നന്ന് അങ്ങിനേയും ചില എഴുത്തുകാര്‍ ജീവിച്ചിരുന്നു എന്ന ഓര്‍മ സ്വയം ലജ്ജ ഉണ്ടാക്കിയില്ലെങ്കിലും മറ്റുള്ളവരില്‍ ലജ്ജയുണ്ടാക്കുന്ന ഇത്തരം ആകാശ വെടികള്‍ കുറക്കാനെങ്കിലും ഉപകരിക്കും !
http://hksanthosh.blogspot.com