Friday 1 May, 2009

പ്രകൃതിവിരുദ്ധം ആഹാ എത്ര മോഹനം!!!

സന്യസ്തര്‍ പോലും ആദായകരമായ രീതിയില്‍ പ്രകൃതിവിരുദ്ധ പരിപാടി നടപ്പാക്കിയതോടെ ബലഹീനനായ നമ്പ്യാരും ആ വഴിക്ക് ഒന്ന് ചിന്തിച്ചുപോയതില്‍ തെറ്റുപറയാനില്ല. ഓര്‍ക്കണം നമ്പ്യാര്‍ സഭയുടെ ഒന്നാം നമ്പര്‍ കുഞ്ഞാടാണ്, കഴുത്തില്‍ വെന്തിങ്ങ, കൊന്ത, വിരലില്‍ കുരിശുമോതിരം, വീടിമുന്നില്‍ കുരിശുപള്ളി... മനസില്‍ നിന്ന് ഒഴുകുന്ന ദൈവീകചിന്തകളുടെ ഒഴുക്കില്‍പ്പെട്ടുപോകാതിരിക്കാന്‍ നല്ലപാതിയും കരിസ്മാറ്റിക്ക് രംഗത്ത് എട്ടോളം വ്യക്തിമുദ്രകള്‍ പതിപ്പിച്ചവളും (ഇനിയും എത്രയെണ്ണം പതിപ്പിക്കുമെന്ന് കണ്ടറിയണം) പൊക്കം കുറഞ്ഞവളുമായ ഭാര്യ ശോശാമ്മ സദാനേരവും മേശപ്പുറത്താണ് ഇരിപ്പ്.
പക്ഷേ പറഞ്ഞിട്ടെന്തുകാര്യം, പ്രകൃതിവിരുദ്ധചിന്തകള്‍ മനസിലേക്ക് തുള്ളിച്ചാടി വന്നതോടെ സകല കണ്‍ട്രോളും പോയി. ഓര്‍ക്കണം ഏമ്പൊക്കത്തില്‍പ്പോലും ഒരു ദൈവീകസ്പര്‍ശം നിലനിര്‍ത്താറുള്ളവനാണ് നമ്പ്യാര്‍. പക്ഷേ പ്രകൃതിവിരുദ്ധം മനസിന്റെ പൂമുഖവാതില്‍ ബര്‍മുഡയിട്ട് ഇരിക്കാന്‍ തുടങ്ങിയതോടേ ജീവിതം കീഴ്മേല്‍ മറിഞ്ഞു. അതിരാവിലെ കട്ടിലില്‍ നിന്ന് എഴുന്നേറ്റതുതന്നെ തലകുത്തിയാണ്, ഭര്‍ത്താവിന്റെ രണ്ടുകാലുകള്‍ അതിരാവിലെ അന്തരീക്ഷത്തില്‍ എഴുന്നുനില്‍ക്കുന്നതുകണ്ട് ഭാര്യ ശോശ ഉടേതമ്പുരാനെ വിളിച്ചെങ്കിലും ദൈവം മൈന്‍ഡുചെയ്തില്ല. പ്രകൃതിവിരുദ്ധമായി കാലിനുപകരം തലകുത്തി വരാന്തയിലേക്കിറങ്ങി അയല്‍ക്കാരന്റെ ഭാര്യ അംബുജാക്ഷിക്ക് നീട്ടിവലിച്ച് അതിരാവിലെ ഒരു ഗുഡ്നൈറ്റ് അടിച്ചു, തിരിച്ചടി വരുന്നതിനുമുമ്പേ അടുക്കളയില്‍ക്കയറി ബ്രേക്ക്‌ഫാസ്റ്റിനുപകരം അത്താഴം കഴിച്ച് ഏമ്പൊക്കത്തിനുപകരം ഐ‌എസ്‌ഐ മാര്‍ക്കുള്ള നല്ല ഒന്നാം നമ്പര്‍ ഒരു കോട്ടുവായിട്ടു. ഗ്യാസിന്റെ ഗുളികയ്ക്ക് പകരം പ്രഷറിന്റെ ഗുളിക കണ്ണടച്ച് വിഴുങ്ങി. പതിവുവേഷമായ പാന്റിനും ഷര്‍ട്ടിനും പകരം ഭാര്യയുടെ സാരിയും ബ്ലൌസും അണിഞ്ഞ് ലിപ്സ്റ്റിക്ക് തേച്ച് ഹൈഹീല്‍ഡ് ചെരുപ്പില്‍ കയറി ഒരു നിമിഷം പ്രകൃതിവിരുദ്ധചിന്തകളെ മനസിലിട്ട് ലാളിച്ചു. കുപ്പിപ്പാല്‍ കിട്ടിയിരുന്നെങ്കില്‍ ചിന്തകളെ ഊട്ടാമായിരുന്നെന്നും ഒരുവേള ചിന്തിച്ചു.
ഇനി പ്രകൃതിവിരുദ്ധമായി എന്തുചെയ്യുമെന്ന് അന്തിച്ചുനില്‍ക്കുമ്പോഴാണ്, മേശപ്പുറത്തുനിന്ന് ഭാര്യ ഭൂമിയിലേക്ക് നേരെ ഇറങ്ങിവരുന്നത്, ഭാര്യയ്ക്ക് നേരെ പതിവിനുവിരുദ്ധമായി ഒരു സൈറ്റടിച്ച് മനസിനെ ലോലമാക്കി മംഗളത്തിലെ ലോലനേപ്പോലെ അവള്‍ക്കുചുറ്റും ഒരു റൌണ്ടടിച്ചു. തോക്കുണ്ടായിരുന്നെങ്കില്‍ ആകാശത്തേക്ക് ഒരു റൌണ്ട് വെടിവയ്ക്കാമായിരുന്നെന്ന ചിന്ത കലശലായെങ്കിലും സാമ്പത്തികമാന്ദ്യത്തിന്റെ ഇക്കാലത്ത് വെറുതെ ഒരു വെടിയുണ്ട പാഴാക്കേണ്ടെന്ന ചിന്ത അതിനെ ഓവര്‍ടേക്കുചെയ്തുകളഞ്ഞു. പതിവിനുവിരുദ്ധമായി എന്നുപറഞ്ഞാല്‍ പ്രകൃതിവിരുദ്ധമായി ഭാര്യയെ എടുത്തുപൊക്കി പ്രേംനസീര്‍ സ്റ്റൈലില്‍ ഒരു കറക്കം കറക്കി അവളെ താഴെവച്ചുകഴിഞ്ഞപ്പോഴാണ് നടുവുളുക്കിയ കാര്യം അറിഞ്ഞത്. നല്ലപാതിയുടെ തൂക്കം അടുത്തകാലത്ത് 80 കിലോ കവിഞ്ഞത് പ്രണയനദി കരകവിഞ്ഞൊഴുകിയപ്പോള്‍ മറന്നുപോയത് നമ്പ്യാരുടെ തെറ്റുതന്നെയാണ്. പക്ഷേ പക്കാ പ്രേമത്തിനുമുന്നില്‍ നടുവുളുക്ക് നമ്പ്യാര്‍ക്ക് പുല്ലാണ് പുല്ല്!
ഇനി പ്രകൃതിവിരുദ്ധതയുടെ അടുത്ത പടി ഓഫീസിലാണ് നടപ്പാക്കേണ്ടത്. ഓഫീസിന്റെ പടിവാതില്‍ക്കല്‍ പിടിയാന കണക്കെ നില്‍ക്കുന്ന മാഡത്തെക്കയറി കര്‍ക്കിടകമെന്ന് വിളിച്ച്, സൈഡ് ഇഫക്ട്സ് വരുന്നതിനുമുമ്പേ കാബിനില്‍ കയറി വാതിലടച്ചതിനാല്‍ പ്രിയ വായനക്കാരാ നമ്പ്യാരുടെ ശരീരത്തില്‍ ഇന്നും ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുണ്ട്...

2 comments:

Anonymous said...

gooddddddddddddd

വികടശിരോമണി said...

പ്രകൃതി പറഞ്ഞോ,താങ്കളോട് ഇതൊക്കെ എനിക്കു വിരുദ്ധമാണെന്ന്?