Wednesday 3 June, 2009

പിണറായി വിജയം ആട്ടക്കഥVsഅച്ചുചരിതം കണ്ണീര്‍ക്കഥ

ഇതെഴുതുന്നവന്‍ മന്ത്രിസഭയിലെ ഒരു അംഗവും എന്നാല്‍ ഇപ്പോള്‍ ‘കളിക്കല’ത്തില്‍ ഇറങ്ങി കലക്കാത്തവനും മന്ത്രിസഭ വീഴുമ്പോള്‍ ദേണ്ടെ ഞാന്‍ എന്ന് പറഞ്ഞ് ചാടി വീഴുന്നവനുമായ ഐപിഎല്‍ കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് സ്റ്റൈല്‍ അദൃശ്യ ബ്ലോഗറാണ്. മലയാള ബ്ലോഗ് ചരിത്രത്തില്‍ ഇതൊരു ബൂലോഗ സംഭവമായിരിക്കും!

പണ്ട് പണ്ട് ഒരിടത്ത് ഒരിടത്ത് അച്ചു എന്നൊരു പാവം രാജാവ് ഉണ്ടായിരുന്നു. വലിഞ്ഞുമുറുകിയ പേശികളും മസിലില്‍ അരക്കിലോ കുറുക്ക് സമാസമം കലര്‍ത്തി പ്രത്യേക രീതിയില്‍ ഫ്രൈ ചെയ്തെടുത്ത സംഭാഷണവുമായിരുന്നു അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ഉറ്റ സുഹൃത്ത് മിന്നല്‍പ്പിണര്‍ ജയവിജയനായിരുന്നു അച്ചുവിന്റെ വിദേശകാര്യ സെക്രട്ടറി. മികച്ചൊരു പാചകവിദഗ്ധന്‍ കൂടിയായ മിന്നല്‍പ്പിണര്‍ ലളിതകലകളിലും അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന്റെ സ്പെഷ്യല്‍ പാചകമായ ആവിലിന്‍ ചവിട്ടി ഉലര്‍ത്തിയത് കഴിച്ചവര്‍ക്ക് വച്ചടി വച്ചടി കയറ്റമായിരുന്നുവെന്നും കയറിക്കയറി ആകാശത്തെത്തി സൂര്യന്റെ വിരിമാറില്‍ ചവിട്ടി അവര്‍ ചവിട്ടുനാടകം, ‘കച്ചിപ്പിടി’, ‘നവകോരള’ യാത്ര തുടങ്ങിയ കലാപരിപാടികള്‍ വരെ നടത്താറുണ്ടെന്നും അച്ചു-മിന്നല്‍പ്പിണറുകള്‍ക്കിടയില്‍ കറന്റുചാര്‍ജുകുറയ്ക്കാന്‍ ഫാനിനുപകരം പാലൊളിയായി വീശാറുള്ള അഹമ്മദ്കുട്ടി സാക്‍ഷ്യപ്പെടുത്തി സീലടിച്ചിട്ടുണ്ട്.

പരമ്പരാഗതമായി അളിയന്‍ രാഘവന്‍ കൃഷിചെയ്ത് പോരുന്ന പെണ്ണാനി പാടശേഖരത്തില്‍ നെഞ്ചത്താണി എന്നയിനം പുതിയ ഇനം വിത്ത് ഇറക്കികൊണ്ടാണ് ജയവിജയന്‍ കാര്‍ഷികരംഗത്തേക്ക് മുണ്ടുമടക്കിക്കുത്തി അരിവാളും ചുറ്റികയും നെഞ്ചത്ത് നക്ഷത്രവുമായി ഇറങ്ങിയത്. അളിയന്‍ രാഘവന്‍ കോടാനുകോടി വര്‍ഷങ്ങളായി ഇപ്പറഞ്ഞ സ്ഥലത്ത് നെല്‍ക്കതിര്‍ കൃഷി നടത്തിയിട്ടും വിളവെടുക്കുമ്പോള്‍ ഉടുമുണ്ട് പോലും നഷ്ടപ്പെടുമെന്ന ന്യായത്തില്‍ കയറിയാണ് ജയവിജയന്‍ ട്രാക്ടര്‍ ഓടിച്ച് പെണ്ണാനിയില്‍ എത്തിയത്. നെഞ്ചത്താണി വിതച്ച് പുഡൂപ്പി എന്ന രാസവളം ആവശ്യം ചേര്‍ത്താല്‍ വിളവ് ക്വിന്റലുകണക്കിന് വരുമെന്നായിരുന്നു ജയവിജയന്റെ മാര്‍ക്സിയന്‍ തിയറി. പക്ഷേ കടത്തനാടന്‍ കളരിയുടെ മുതുകത്ത് ചവിട്ടി ഒപ്പന ചവിട്ടുന്ന അളിയനുണ്ടോ വിടുന്നു! വെട്ടൊന്ന് മുറി രണ്ട് എന്ന് പറഞ്ഞ് പെണ്ണാനിയുടെ വിരിമാറില്‍ കുത്തിനിവര്‍ന്ന് അളിയന്‍ പരിച നിവര്‍ത്തിയപ്പോള്‍ ജയവിജയന്റെ ഗ്യാസ് ശൂ‍ന്ന് അടിച്ചു. പക്ഷേ ഗ്യാസിന്റെ ലീക്കില്‍ ആവിലിനും ആവണക്കെണ്ണയും സമം ചേര്‍ത്തടച്ച് വലത് വച്ച് ഇടത് ചവിട്ടി ജയവിജയന്‍ നടുനിവര്‍ത്തിയപ്പോള്‍ അളിയന്‍ രണ്ടടി പിന്നോട്ട് വച്ച് വായില്‍ നിന്ന് പ്രകൃതിവാതകം വിക്ഷേപിക്കാന്‍ തുടങ്ങി. അങ്കക്കലി ആളിക്കത്തിയതോടെ ആകാശത്തിലെ ഓസോണ്‍ പാളിപോലും പഴയ വള്ളിട്രൌസര്‍ പോലെ നടുവെ കിര്‍‌ര്‍‌ര്‍ എന്ന് കീറി. ഒടുവില്‍ ധീരേന്ദ്രകുമാറിന് പോലും വേണ്ടാത്ത വടനാട് ആദയവിലയ്ക്ക് കശുവണ്ടി കൃഷി നടത്താന്‍ അളിയന് ആധാരം ചെയ്ത് കൊടുത്തതോടെ പെണ്ണാനി ജയവിജയന്റെ സ്വന്തം പെണ്ണായി. പിന്നെ മദനിതാത്തയും ജയവിജയനും ചേര്‍ന്നുള്ള കൈകൊട്ടിക്കളി, കാലാട്ടിക്കളി, പഞ്ചവാദ്യം, ധൃതരാഷ്ട്രാലിംഗനം തുടങ്ങിയ ശൃംഗാര കലകള്‍ അരങ്ങേറാന്‍ തുടങ്ങി. ശൃംഗാര കലകള്‍ കണ്ട് നാണിച്ച നാട്ടുകാര്‍ക്ക് നാണം മറയ്ക്കാന്‍ ഫ്രീയായി പിപ്പിഎമില്‍ പുഡൂപ്പി കലര്‍ത്തിയ കൊടികള്‍ ബംഗാളില്‍ നിന്ന് ഇറക്കി നാടാകെ വിതരണം ചെയ്തു.

സ്ഥലത്തെ പ്രധാന ഹെഡ്കോണ്‍സ്റ്റബിള്‍ ആബാലകൃഷ്ണന്‍ ഏമാനാണ്. മീശപിരിച്ച്, വയറുകുലുക്കി ഏമാന്‍ ഒരു നടപ്പുനടന്നാല്‍ ഗുരുവായൂര്‍ കേശവന്‍ പോലും ഫ്ലാറ്റ്! വടക്കന്‍ കളരി ചെറുപ്പത്തിലെ അഭ്യസിച്ചിട്ടുള്ളതിനാല്‍ ഒരുമാതിരിപ്പെട്ട ചവിട്ട്, അടി, ഇടി തുടങ്ങിയവയൊക്കെ പുഷ്പം പോലെ തടുക്കും. ബോംബ്, കത്തി, കഠാര തുടങ്ങിയവ എല്ലാ സീസണിലും 100 ശതമാനം കിഴിവില്‍ ലഭിക്കുന്ന നാട്ടില്‍ നിന്നാണ് വരവെന്നതിനാല്‍ ഏമാനെ കാണുമ്പോള്‍ ബോംബ് പോലും നാണിച്ച് കാല്‍‌വിരല്‍ കൊണ്ട് നിലത്ത് നക്ഷത്രം വരയ്ക്കുകയാണ് പതിവ്. അച്ഛന്റെ മാനത്ത് വിള്ളല്‍ വീഴ്ത്താനായി മകന്‍ തന്നെ അവതരിച്ചിരിക്കുന്നതിനാല്‍ ഏമാന്റെ മറ്റ് ശത്രുക്കള്‍ക്കൊക്കെ കഷ്ടകാലമാണ്! ടോട്ടല്‍ തട്ടിപ്പുകുട്ടന്‍, വീരമണിയേച്ചി, വിശുദ്ധ മാര്‍ സേവിയേട്ടന്‍, തുടങ്ങി വഴിയേ പോകുന്ന സകല അലവലാതികളുടേയും കൂടെ കുടില്‍ വ്യവസായം നടത്തി അന്നത്തെ വയറ്റിപ്പിഴപ്പിനുള്ളത് സമ്പാദിക്കലാണ് പയ്യന്റെ പ്രധാന കലാപരിപാടി.

അച്ചുരാജാവിന്റെ കൊട്ടാരത്തില്‍ മന്ത്രിപുംഗുവന്മാര്‍ ഇഷ്ടം‌പോലെയാണ്. പഠിക്കാതെ തന്നെ ഡോക്ടറാകാന്‍ യോഗം ലഭിച്ച ഡോക്ടര്‍ പൊടിമതി കൊച്ചമ്മ, ചക്കുക്കുരുപോലും വാങ്ങാന്‍ പാങ്ങില്ലാത്ത രാജ്യത്തെ ഖജാഞ്ചി തോമസ് അച്ചായന്‍, നാക്ക് ഉപയോഗിച്ച് തുരുതുര മിസൈലുവിടുന്ന നാക്ക് രാജ്യത്തെ നാട്ടുരാശാവ് അധരാകരന്‍ തമ്പ്രാക്കള്‍, അഖിലകേരളാ സാംസ്കാരിക മൊത്തക്കച്ചവട മന്ത്രി താടിക്കുട്ടന്‍ എന്ന ബോബിക്കുട്ടന്‍, രാവിലെയും വൈകുന്നേരവും കോയി ഫ്രൈയും ഓം‌ലറ്റും കഴിച്ച് തടി നന്നാക്കണമെന്ന് സമായാസമയം പ്രജകളെ ഉപദേശിക്കുന്ന ദിനകരന്‍ കുരുക്കള്‍‍, വന്യമൃഗങ്ങളെപോലും കവിത എഴുതി ഞെട്ടിക്കുന്ന വനപാലകന്‍ വീണപൂവ് അശ്വന്‍, ക്വിന്റലുകണക്കിന് കറന്റ് മാലോകര്‍ക്ക് പാഴ്സലായി അയച്ചുകൊടുക്കുന്ന മന്ത്രി കറന്റ് ബലാബലന്‍... അങ്ങനെ മന്ത്രിപ്പടയേക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അഭിമാനം കൊണ്ട് അന്തരംഗം ടപ്പേ ടപ്പേന്ന് തുടിക്കാന്‍ തുടങ്ങും. ഹാര്‍ട്ട് അറ്റാക്ക് ഒരിക്കലെങ്കിലും വന്നിട്ടുള്ളവര്‍ ഇത്തരത്തില്‍ മന്ത്രിമാരേക്കുറിച്ച് ചിന്തിച്ച് ടപ്പേ ടപ്പേ നടത്തരുത്.

പുഡൂപ്പി കറിയില്‍ വിപ്ലവപ്പൊടി കലര്‍ത്തി ഓസില്‍ ഇലക്ഷനില്‍ നാടായ നാട് മുഴുവന്‍ ചുവപ്പിക്കാനായിരുന്നു മിന്നല്‍പ്പിണരിന്റെ പരിപാടി. ഇതിനായി അച്ചുരാജാവിനോട് പര്യടനത്തിനായി നാടുനീളെ കറങ്ങേണ്ടതില്ലെന്ന് അച്ചാരം പുറപ്പെടുവിച്ചു. അങ്ങനെ ഇലക്ഷന്‍ കാലയളവില്‍ കാരണവര്‍ ചൂണ്ടയിട്ടും പാട്ടുപാടിയും പേശികള്‍ ഇലാസ്റ്റിക്ക് പോലെ വലിച്ചുമുറുക്കി കളിച്ചും കാലം കഴിച്ചു. കടുക് വറക്കാന്‍ പോലും വകയില്ലാത്ത ഘടകക്ഷികളെ കുഴച്ചുപരത്തി പൊറോട്ട അടിയായിരുന്നു അടുത്ത അജന്‍ഡ. പൊറോട്ട പരുവമാകാന്‍ അമാന്തിച്ച ധീരേന്ദ്രകുമാരനെ കൈകാര്യം ചെയ്തപ്പോള്‍ ആവശ്യത്തിന് ഉപ്പുചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ കോഴിക്കോട്ടെ കോഴിക്കറിയും വടകരയിലെ വടയും വെന്തില്ലെന്ന് മാത്രമല്ല മിന്നല്‍പ്പിണരിന്റെ മാനത്തുകൂടി ഇടിവെട്ട് അറ്റാച്ചുചെയ്ത ഒരു മിന്നല്‍ പായുകയും ചെയ്തു.

ഇതൊക്കെ മറക്കാം, പൊറുക്കാം!!! ആവിലിന്‍ ഫ്രൈയെപ്പറ്റി രാജാവ് അടക്കമുള്ളവര്‍ പരദൂഷണം പറഞ്ഞപ്പോല്‍ പോലും കരയാത്ത മിന്നല്‍പ്പിണര്‍ പക്ഷെ സ്വന്തം ആസ്ഥാനമായ വണ്ണൂരില്‍ ഏറ്റ അടിയില്‍ അടിതെറ്റി പൊട്ടിപ്പൊട്ടിക്കരഞ്ഞെന്നും അത് കണ്ട രാജാവ് ഊറിഊറി ചിരിച്ചെന്നുമാണ് അന്തിമറിപ്പോര്‍ട്ട്. ഈ ഊറിച്ചിരി കണ്ട് മിന്നല്‍പ്പിണരിന്റെ കമാന്‍ഡന്റ് ജനറല്‍ വാചകമടിക്കോട് കുമാരന്‍ അതില്‍ അശ്ലീലം കണ്ടെത്തിയതോടെ സെന്‍സെക്സിലും സെക്സുണ്ടെന്ന മട്ടില്‍ വിവാദവിപണി സൂചിക മേലോട്ട് കുതിക്കാന്‍ തുടങ്ങി. കിടക്കുന്നിടത്ത് വിസര്‍ജ്ജിക്കുന്ന ജീവിയാണ് രാജാവ് എന്ന് പറഞ്ഞ് വാചകമടിക്കോട് വീണ്ടും സെന്‍സെക്സ് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അങ്ങനെ ചെയ്യുന്നത് പട്ടിയാണെന്ന് പറഞ്ഞ് സെന്‍സെക്സിനെ രാജാവ് കിറ്റക്സ് ലുങ്കി വലിക്കുന്നപോലെ താഴോട്ട് വലിച്ചിട്ടു (ലോകത്തിലെ സുപ്രധാന കണ്ടുപിടുത്തങ്ങളില്‍ ഒന്നായ അണ്ടര്‍വെയര്‍ അടിയില്‍ ഉണ്ടായിരുന്നതിനാല്‍ മാനം കടല്‍കടക്കാതെ കാത്തു). കിടക്കുന്നിടത്ത് വിസര്‍ജ്ജിക്കുന്നത് പട്ടിയോ പക്ഷിയോ എന്ന ഘനഗംഭീരന്‍ ചോദ്യത്തിന്മേലുള്ള കടിപിടിയാണ് ഇനി കാണാന്‍ പോകുന്ന അടുത്ത പൂരം, ഒപ്പം ആവിലിന്‍ ചട്ടിയില്‍ മിന്നല്‍പ്പിണറിനെ രാജാവ് വീഴ്ത്തിയാല്‍ നിലവിലെ പിണറായി വിജയം ആട്ടക്കഥ അച്ചുചരിതം ആഹ്ലാദക്കഥയായി മാറുമെന്ന് ഉറപ്പിക്കാം. സിബി‌ഐക്കും ഗവര്‍ണ്ണര്‍ക്കും നന്മ വരാനായി രാജാവ് ദിവസവും 12 തേങ്ങവീതം ഉടയ്ക്കുമ്പോള്‍ കൊച്ചിക്കാരന്‍ ദിനേശ് ബീഡി മണികളെപ്പോലുള്ള ചെറുബീഡികളേയും പിബി അളിയനേപ്പോലുള്ള വന്‍‌തോക്കുകളേയും നിരത്തി തുരുതുരാ മാനത്തേക്ക് വെടിവയ്ക്കുകയാണ് മിന്നല്‍പ്പിണര്‍!

പിന്‍‌കുറിപ്പ്: ഇതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും പേരുകള്‍ക്ക് ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ ഇരിക്കുന്നവരോ ആയ ആരെങ്കിലുമായി സാദൃശ്യം തോന്നിയാല്‍ അത് തികച്ചും മനഃപൂര്‍വമാണെന്ന് കരുതി അങ്ങ് സമാധാനിച്ചാല്‍ മതി.

3 comments:

ദീപക് രാജ്|Deepak Raj said...

കൊള്ളാം

ഹന്‍ല്ലലത്ത് Hanllalath said...

"...നെഞ്ചത്താണി വിതച്ച് പുഡൂപ്പി എന്ന രാസവളം ആവശ്യം ചേര്‍ത്താല്‍ വിളവ് ക്വിന്റലുകണക്കിന് വരുമെന്നായിരുന്നു ജയവിജയന്റെ മാര്‍ക്സിയന്‍ തിയറി..."

കലക്കന്‍ പോസ്റ്റ്‌... :)

ബോള്‍ഡ് ചെയ്യാതെ പോസ്റ്റ്‌ ചെയ്തൂടെ..??

ഹന്‍ല്ലലത്ത് Hanllalath said...

"...നെഞ്ചത്താണി വിതച്ച് പുഡൂപ്പി എന്ന രാസവളം ആവശ്യം ചേര്‍ത്താല്‍ വിളവ് ക്വിന്റലുകണക്കിന് വരുമെന്നായിരുന്നു ജയവിജയന്റെ മാര്‍ക്സിയന്‍ തിയറി..."

കലക്കന്‍ പോസ്റ്റ്‌... :)

ബോള്‍ഡ് ചെയ്യാതെ പോസ്റ്റ്‌ ചെയ്തൂടെ..??